Saturday, September 24, 2016

A write up on GDS

തപാൽ വകുപ്പിലെ ഗ്രാമീൺ ഡാക് സേവക് ജീവനക്കാർ വിവേചനത്തിന്റെ ഇരകൾ...
-------------------------------------------
ഒന്നര നൂറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള ഇന്ത്യൻ തപാൽ വകുപ്പിൽ ജോലി ചെയ്യുന്ന രണ്ടര ലക്ഷത്തിൽപ്പരം ഗ്രാമീൺ ഡാക് സേവക് ( ഇ..ഡി ) ജീവനക്കാർ ഇന്നും വിവേചനത്തിന്റെ ഇരകളായി തുടരുകയാണ്. മറ്റൊരു സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇത് പോലെ അടിമത്വം അനുഭവിക്കുന്ന ജീവനക്കാർ ഉണ്ടാവില്ല.
ഇന്ത്യയിൽ ആകെ 1,54,822 തപാൽ ഓഫീസുകളുണ്ട്. ഇതിൽ 1,39,086
ഓഫീസുകൾ ഗ്രാമീണ മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ കണക്കു പ്രകാരം തപാൽ വകുപ്പിൽ 2,49,588 റഗുലർ തസ്തികയുണ്ട്. എന്നാൽ ഇതിൽ 1,89,771 റഗുലർ ജീവനക്കാർ മാത്രമാണ് ഇപ്പോഴുള്ളത്. അതായത് 24 % തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. അതെ സമയം തപാൽ വകുപ്പിന്റെ നട്ടെല്ലായി 2,63,323 ജി.ഡി.എസ്.ജീവനക്കാർ ചെറിയ അലവൻസ് മാത്രം കൈപ്പറ്റി സേവനമനുഷ്ഠിക്കുന്നുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, മെയിൽ ഡെലിവറർ, മെയിൽ കാരിയർ, മെയിൽ പാക്കർ, സ്റ്റാമ്പ് വെണ്ടർ തുടങ്ങിയ തസ്തികകളിലാണ് ഇ.ഡി.ജീവനക്കാർ പണിയെടുക്കുന്നത്.
തപാൽ വകുപ്പ് പുതുതായി ഏറ്റെടുത്തു നടത്തുന്ന മുഴുവൻ സേവന പ്രവർത്തനങ്ങളുടേയും ചുമതല നിറവേറ്റുന്നത് ബഹു ഭൂരിഭാഗം വരുന്ന ഗ്രാമീൺ ജീവനക്കാരാണ്. സബ് ഓഫീസ്, ഹെഡ് ഓഫീസ് അഡ്മിൻ ഓഫീസ് എന്നിവിടങ്ങളിൽ എല്ലാം റഗുലർ ജീവനക്കാരോടൊപ്പം ഇ.ഡി. ജീവനക്കാരും തൊഴിലെടുക്കുന്നുണ്ട്.ഒരു ഓഫീസിൽ തന്നെ രണ്ടു തരം ജീവനക്കാർ
ഒരേ ജോലി ചെയ്യുമ്പോൾ വിവേചനം വ്യക്തമായി ബോധ്യപ്പെടും.
തപാൽ സർവീസിന്റെ ആരംഭ കാലത്തു തന്നെ എക്സ്ട്രാ ഡിപ്പാർട്മെന്റ് സമ്പ്രദായം ഉണ്ടായിരുന്നുവെന്ന് കാണാം. അക്കാലത്ത് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർമാരുണ്ടായിരുന്നു.
1926 മുതൽ ഇ.ഡി. റണ്ണർമാർ, ഡെലിവറി ഏജന്റുമാർ തുടങ്ങിയ തസ്തികകൾ നിലവിൽ വന്നു. ഒന്നാം ശമ്പള കമ്മീഷൻ നിയമിക്കപ്പെട്ടപ്പോൾ ഇ.ഡി. ജീവനക്കാർ കമ്മീഷന്റെ പരിധിയിൽ വരുന്നവരാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. പിന്നീട് രണ്ടും മൂന്നും ശമ്പള കമ്മീഷൻ ഇത് അട്ടിമറിച്ചു.നാലാം ശമ്പള കമ്മീഷൻ ആവട്ടെ ഇ.ഡി.ജീവനക്കാർ സിവിൽ പോസ്റ്റിന്റെ ഉടമകൾ ആണെന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റേയും തപാൽ വകുപ്പിന്റേയും നിയമങ്ങൾക്കും, ചട്ടങ്ങൾക്കും വിധേയമായാണ് ഇ.ഡി.ജീവനക്കാർ പ്രവർത്തിക്കുന്നത്.
1935 ൽ തന്നെ ഇ.ഡി. ജീവനക്കാർ സർവീസ് റൂൾസിന്റെ പരിധിയിലാണ്.
ഭരണഘടനയുടെ 309 -)0 വകുപ്പ് അനുസരിച്ചു സർക്കാർ ജീവനക്കാരായി പരിഗണിക്കപ്പെടേണ്ടവരാണിവർ.കേന്ദ്ര സർക്കാർ നിയമമനുസരിച്ചു നിയമനം നടത്തുകയും, ശിക്ഷാ നടപടികൾക്കും മറ്റും വിധേയരാവുകയും ചെയ്യുന്ന ഈ ജീവനക്കാരെ
"വകുപ്പിന് വെളിയിൽ '' നിർത്തുന്നത് ഭരണഘടനാ വിരുദ്ധവും,കടുത്ത വിവേചനവും
അല്ലാതെ മറ്റെന്താണ്? 1977ലും 1996ലും കോടതി ഉത്തരവുകൾ പ്രകാരം ഇ.ഡി.ജീവനക്കാർ സിവിൽ പോസ്റ്റ് വഹിക്കുന്നവരാണെന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര മന്ത്രിയായിരുന്ന
കെ.പി. ഉണ്ണികൃഷ്ണൻ ഇ.ഡി.സമ്പ്രദായം അടിമ സമ്പ്രദായമാണെന്നും, രാജ്യത്തിന് അപമാനമാണെന്നും പ്രസ്താവിച്ചിരുന്നു. അത് കേട്ട് പുളകമണിഞ്ഞ ഇ.ഡി. ജീവനക്കാർ, എന്തെങ്കിലും ഗുണം ഉണ്ടാവുമെന്ന് കരുതിയിരിക്കെയാണ് അദ്ദേഹത്തിന് കമ്മ്യൂണിക്കേഷൻ വകുപ്പ് തന്നെ നഷ്ടപ്പെടുകയും ഉപരിതല വകുപ്പ് ഏറ്റെടുക്കേണ്ടി വരികയും ചെയ്തത്.
അതോടെ ഇ.ഡി. ജീവനക്കാരുടെ ദൈന്യത തുടർന്നു. ആറാം ശമ്പള കമ്മീഷന്റെ സമാന്തരമായി നിയമിക്കപ്പെട്ട ജസ്റ്റിസ് തൽവാർ കമ്മിറ്റി, ഇ.ഡി.പ്രശ്നം ആഴത്തിൽ ഇറങ്ങി ചെന്ന് മനസ്സിലാക്കുകയും,അവരുടെ മോചനത്തിന് ഉതകുന്ന ശുപാർശകൾ സമർപ്പിക്കുകയും ചെയ്തു. ഇത് ജീവനക്കാർക്കിടയിൽ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയത്. എന്നാൽ ജസ്റ്റിസ് തൽവാർ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ വെള്ളം ചേർത്ത് ഉദ്യോഗസ്ഥ തലത്തിൽ പടച്ചുണ്ടാക്കിയ പാക്കേജ് അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്തത്. ധനകാര്യ മന്ത്രാലയത്തിന്റെ കടും പിടുത്തമായിരുന്നു അതിനു കാരണം. താഴെ തട്ടിലുള്ളവരും സംരക്ഷണത്തിന് അർഹരാണ് എന്നും ഇ.ഡി. ജീവനക്കാരെ സിവിൽ സർവന്റ് എന്ന നിലയിൽ പരിഗണിക്കപ്പെടേണ്ടവരാണെന്നും എല്ലാ ആനുകൂല്യങ്ങൾക്കും ഇവർ അർഹരാണെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് തൽവാർ റിപ്പോർട് തള്ളിക്കളഞ്ഞതോടെ വിവേചനത്തിന് ആക്കം കൂടി. ഏഴാം ശമ്പള കമ്മീഷന്റെ പരിധിയിൽ ഇ.ഡി.ക്കാരെ ഉൾപ്പെടുത്തണമെന്ന ആവശ്യം നിരസിച്ച കേന്ദ്ര സർക്കാർ പോസ്റ്റൽ ബോർഡ് മുൻ അംഗം കമലേഷ് ചന്ദ്രയെയാണ് സേവന വേതന പഠനത്തിന് നിയമിച്ചത്. ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട് നടപ്പാക്കുകയും, കുടിശിക ഉൾപ്പെടെ റഗുലർ ജീവനക്കാർക്ക്‌ ലഭിക്കുകയും ചെയ്തിട്ടും ഇ.ഡി. റിപ്പോർട് സമർപ്പിക്കപ്പെട്ടിട്ടില്ല. തപാൽ വകുപ്പിന്റെ ജീവ നാഡിയായി പണിയെടുക്കുന്ന രണ്ടര ലക്ഷത്തിൽപ്പരം ജീവനക്കാർക്ക് ബോണസ് അരിയേഴ്സും ഇതുവരെ നൽകിയിട്ടില്ല. ഡി.എ. നൽകുന്ന സമയത്തും ഇതേ വിവേചനം തുടരുകയാണ്. മുൻ കാലങ്ങളിൽ ഒരേ ദിവസം തന്നെ ക്ഷാമബത്തയും, ബോണസും നൽകിയിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് സർക്കാർ നയം ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് വാസ്തവം. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം എഴുപതാണ്ടു കഴിഞ്ഞിട്ടും മാറി മാറി വന്ന സർക്കാരുകൾ ഇ.ഡി. ജീവനക്കാരോട് നീതി കാട്ടിയിട്ടില്ല.
റഗുലർ ജീവനക്കാർക്ക് നൽകുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും മണിക്കൂർ അടിസ്ഥാനത്തിൽ ഭാഗിച്ചു നൽകാൻ എന്തിനാണ് ഒരു കമ്മീഷൻ നിയമിക്കപ്പെടുന്നത്? എട്ടു മണിക്കൂർ പണിയെടുക്കുന്ന പോസ്റ്റുമാന്റെ പാതി ശമ്പളം നാല് മണിക്കൂർ പണിയെടുക്കുന്ന ഇ.ഡി. ഡെലിവറി ഏജന്റിന് നൽകാൻ എന്താണിത്ര ആലോചിക്കാൻ ഉള്ളത്? ഗ്രാമങ്ങളിൽ പണിയെടുക്കുന്ന ഇ.ഡി. ജീവനക്കാർ നാല് മണിക്കൂർ അലവൻസ് വാങ്ങി ഇരട്ടി സമയം പണിയെടുക്കുന്നുണ്ട് എന്ന വസ്തുത ആർക്കും നിഷേധിക്കാൻ കഴിയില്ല.
ഇ.ഡി. ജീവനക്കാർ ലീവ് എടുക്കുമ്പോൾ പകരം പണിയെടുക്കുന്ന പകരക്കാരന് തുല്യ വേതനം നൽകാതിരിക്കുന്നതും കടുത്ത അനീതിയാണ്. ഇക്കാരണത്താൽ പകരക്കാരനെ കിട്ടാത്ത സാഹചര്യവും നിലനിൽക്കുന്നു. രാവിലെ ഓഫീസ് തുറക്കുമ്പോൾ ഡ്യൂട്ടിക്ക് എത്തുന്ന ഇ.ഡി. പാക്കർമാർ വൈകുന്നേരം ഓഫീസ് പൂട്ടിയ ശേഷമാണ് പോകുന്നത്. എന്നാൽ അവർക്കു നൽകുന്നതാവട്ടെ അഞ്ചു മണിക്കൂർ അലവൻസ് മാത്രമാണ്. സർവീസ് കൂടുന്ന മുറക്ക് ഗ്രേഡ് ആനുകൂല്യവുമില്ല. മുപ്പതു കൊല്ലം പണിയെടുത്തവരും ഇന്നലെ വന്നവരും ഒരേ അലവൻസ് വാങ്ങേണ്ടി വരുന്ന സ്ഥിതി മറ്റൊരിടത്തും ഉണ്ടാവില്ല.
ഗ്രാമീണ തപാൽ മേഖലയിൽ ഇന്റർനെറ്റ് സംവിധാനം ഉപയോഗപ്പെടുത്തി ആധുനികവൽക്കരണം നടപ്പാക്കാൻ ഒരുങ്ങുന്ന കേന്ദ്ര ഗവ. ആദ്യം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ബ്രാഞ്ച് ഓഫീസുകൾക്ക് നല്ല കെട്ടിടങ്ങൾ കണ്ടെത്തുകയും അവക്ക് വാടക അനുവദിക്കുകയും ചെയ്യുക. പ്രവർത്തി സമയം ഏകീകരിച്ച് എട്ടു മണിക്കൂർ ആക്കുക. പോസ്റ്റൽ ബാങ്ക് സൗകര്യം ഉൾപ്പെടെ എല്ലാവിധ സേവനങ്ങളും പൊതു സമൂഹത്തിന് ലഭ്യമാക്കുക. വെളിയിലുള്ള ജീവനക്കാർ എന്ന അവഗണന അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുക. എല്ലാവരും റഗുലർ ജീവനക്കാർ ആണെന്ന നിലപാട് വരുന്നതോടെ കൂടുതൽ ബിസിനസ് ഉണ്ടാക്കാനുള്ള ശ്രമം ഇ.ഡി.ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാവും.ഇതോടെ തപാൽ വകുപ്പ് ലാഭം കൊയ്യുന്ന സ്ഥാപനമായി മാറുകയും ചെയ്യും. ഇപ്പോൾ ശമ്പളത്തിന്റെ കാര്യത്തിൽ കേരളത്തിലെ അങ്കണവാടി ജീവനക്കാരേക്കാൾ താഴെയാണ് ഇ.ഡി.ക്കാരുടെ സ്ഥാനം.
ഇതിന് ഉടൻ മാറ്റം വരണം. ജീവിക്കാനുള്ള ശമ്പളം നൽകുന്ന സ്ഥിതി ഉണ്ടാവണം.
ഒറ്റയടിക്ക് എല്ലാവരെയും സ്ഥിരപ്പെടുത്താൻ കോടികളുടെ ബാധ്യത വരുമെങ്കിലും അത് ചുരുങ്ങിയ കാലം കൊണ്ട് തിരിച്ചു പിടിക്കാൻ കഴിയുന്ന തരത്തിൽ സേവന പദ്ധതികൾ ആവിഷ്കരിക്കണം. എല്ലാ സേവനങ്ങളും ലഭിക്കുന്ന ഒരു ഓഫീസ് എന്ന നിലയിലേക്ക് തപാൽ ഓഫീസുകളെ മാറ്റണം. അടുത്ത അഞ്ചു വർഷം കൊണ്ടെങ്കിലും ഇതെല്ലാം സാധ്യമാക്കാൻ കഴിയണം. അതിന് ആർജ്ജവമുള്ള ഒരു വികസന നയം കൈക്കൊള്ളണം.
--------------------------------GDS
ടി വി എം അലി
--------------------------------

No comments:

Post a Comment